ഭരതൻ ചിത്രങ്ങളിലൂടെ ഒരു യാത്ര പോയപ്പോഴാണ് കൈവിട്ടുപോയ ആ എഴുത്തുകാരനെ കണ്ടെത്തിയത്. കവിയും പാട്ടെഴുത്തുകാരനുമായ ശ്രീ എം ഡി രാജേന്ദ്രൻ. അതുമൊരു മുഷിപ്പൻ ചിത്രത്തിന്റെ നീണ്ട റീലുകളിൽ അനാവശ്യമായി തലവെച്ചു കൊടുത്തതിന്റെ അസ്വസ്ഥതകൾക്കിടയിലും....
ഭരതൻ ചിത്രങ്ങളിൽ മോശപ്പെട്ട ഒരു ചലച്ചിത്രമാണ് പാർവതി. തുടക്കത്തിലെ ഗാനം കാരണം അൽപനേരം സിനിമ ചെറിയൊരു നിർവൃതി തന്നു. പിന്നെ...ഭരതൻ ചിത്രമല്ലേ ... ഭരതൻ ടച്ച് ഉണ്ടാവാതിരിക്കുമോ !! എവിടെ ? ഒരു ക്രോസ്സ് ബെൽറ്റ് മണി ചിത്രത്തിന്റെ "മേന്മ" പോലും ഇല്ലാത്ത വഷളൻ ചിത്രം ...കഥ, തിരക്കഥ കാക്കനാടനും !! വല്ലാത്ത ചതിയായി പോയി എന്ന് മനസ്സ് പുലമ്പിക്കൊണ്ടിരിക്കുമ്പോഴാണ് "നന്ദസുതാവര തവജനനം വൃന്ദാവന ശുഭ പുളിനം " എന്ന ജോൺസൺ സംഗീതം ചെയ്ത ഗാനം വീണ്ടും കേട്ടത്... നൃത്തസംബന്ധിയായി ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ചിത്രത്തിൽ...വാണിജയറാം പുഷ്കല കാലത്തായിരുന്നു ഈ പാട്ടിന്റെ വരവും..
എം ഡി രാജേന്ദ്രൻ സിനിമയ്ക്ക് വേണ്ടി തന്റെ കവിത്വം ബലി കഴിക്കാത്ത കവിയാണ്. കവിത നിറഞ്ഞ ഗാനങ്ങൾ ആയിരുന്നു മിക്കവാറും എല്ലാ ചിത്രങ്ങളിലും. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഗാനങ്ങളുടെ കൂടിച്ചേരൽ കൊണ്ട് ആ ഭരതൻ ചിത്രം മുഴുക്കെ കണ്ടു ..... ആ സർഗസൃഷ്ടികളിൽ മുങ്ങി നിവർന്നപ്പോൾ എന്തൊരു സുഖം... നന്ദിയോടെ അദ്ദേഹത്തിന് വേണ്ടി അല്പം കുറിക്കാമെന്നു കരുതി.
തോപ്പിൽ ഭാസിയുടെ ചിത്രമായ മോചനം എന്നതിൽ ആദ്യ ഗാനം. ദേവരാജൻ സംഗീതത്തിൽ തുടക്കം.വന്ധ്യമേഘങ്ങളേ എന്തിനു പാടി സിന്ധുഭൈരവി രാഗം .....മാധുരിയുടെ ശബ്ദത്തിൽ നല്ലൊരു തുടക്കം.ഒരു വിരഹഗാനത്തിന്റെ എല്ലാ ചേരുവകളും നിറഞ്ഞ വരികൾ...
പിന്നീടായിരുന്നു ശാലിനി എന്റെ കൂട്ടുകാരി എന്ന മോഹൻ ചിത്രം ..ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ ....മാധുരിയുടെ സ്വരം.ഗംഗാപ്രവാഹമായ് , കൈക്കുടന്നയിലെ നീലാഞ്ജന തീർത്ഥമായ് ,പീയൂഷവാഹിനിയായ് , പ്രണയപ്രവാഹമായ് വന്നത് ഓർമ്മകളുടെ കാണാക്കയങ്ങളിൽ നിന്നും വീണ്ടും ഒരുക്കിയെടുക്കുന്ന കവിത ... എം ഡി രാജേന്ദ്രന്റെ മികവുറ്റ രചനയാണ് ഇത്..
പാർവതിക്ക് വേണ്ടി എഴുതിയ മദനഗാനമായിരുന്നു "കുറുനിരയോ മഴ മഴ മുകിൽ നിരയോ " എന്നത് . മദനകേളീ രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ ഏറെ നിപുണത കാട്ടുന്ന സംവിധായകൻ ആണല്ലോ ഭരതൻ. അത്തരം രംഗങ്ങൾ ഇഴുകി ചേർന്ന ഒരു പാട്ടായിരുന്നു അത്. അനുപല്ലവിയിലും ചരണത്തിലും കാമോൽസുകമായ ചടുല വാക്കുകൾ ഇഴ ചേർന്ന സുരഭില നിമിഷങ്ങൾ കോർത്തെടുക്കുന്ന അവാച്യാനുഭൂതി പ്രേക്ഷകന് നൽകുന്ന വരികൾ തന്നെയായിരുന്നു അത്. എന്നാൽ ഒരു വിരഹ കാമുകന്റെ മാറി നിന്നുള്ള ലോല വികാരങ്ങൾ പകർത്തിയ ഒരുഗാനം ആയിരുന്നു "നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ " .... ഒരു കവിത പോലെ സുന്ദരമായ വരികൾ വീണ്ടും ഇതൾ വിരിഞ്ഞിട്ടുണ്ട് ഈ കവിയിൽ നിന്ന്...
മോഹന്റെ തന്നെ മംഗളം നേരുന്നു എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങളും മികവിൽ മികച്ചതായിരുന്നു...ഋതുഭേദകൽപ്പന ചാരുത നൽകിയ എന്ന ഗാനത്തിന്റെ വരികളിലൂടെ പോവുമ്പോൾ അത്ഭുതപ്പെടും നമ്മൾ. അതീവ പ്രണയത്തിന്റെ നാൾവഴികളിൽ നിന്നും ചിലപ്പോഴനിവാര്യമായ വിരഹത്തിന്റെ, പിരിഞ്ഞുപോകലിന്റെ യാഥാർഥ്യത്തിലൂടെ പോവുമ്പോൾ പ്രത്യേകിച്ചും...അമ്മയുടെ താരാട്ടുപാട്ടുകളേറെ കേട്ടിട്ടുണ്ട് സിനിമയിലൂടെ , എന്നാൽ അച്ഛന്റെ താരാട്ടുഗീതങ്ങൾ വളരെ കുറവായിരുന്നു. വരിയിലും ഈണത്തിലും ഒന്നാംതരമായ ഒരു ഗാനവും ഇതിലുണ്ട്. "അല്ലിയിളം പൂവോ , ഇല്ലിമുളം തേനോ ?" കൃഷ്ണചന്ദ്രനിലെ ഗായകനെ പൂർണമായും ഉപയോഗപ്പെടുത്തിയ താരാട്ടുപാട്ട് . അതീവ ഹൃദ്യമായിരുന്നു..
ഭരതന്റെ ദേവരാഗത്തിലും എം ഡി രാജേന്ദ്രൻ വരികൾ ആയിരുന്നു . ചിത്രത്തേക്കാൾ എന്തുകൊണ്ടും ഉയർന്നു നിന്ന ഗാനങ്ങൾ..." ശശികല ചാർത്തിയ ദീപാവലയം "എന്ന നൃത്ത ഗാനം.പ്രണയത്തിന്റെ ലാസ്യ ലഹരിയുടെ ഉൾത്തുടിപ്പുകളോടെ
"ശിശിരകാല മേഘമിഥുന രതിപരാഗമോ ?" എന്ന ഗാനവും അതിൽ ശ്രദ്ധയാകർഷിച്ചു ." യ യ യാ യാദവാ എന്ന വരികളോടെ ഒരു പരീക്ഷണവും അദ്ദേഹം നടത്തി. കീരവാണിയുടെ മായാജാലം തന്നെയായിരുന്നു അതിലെ ഓരോ ഗാനവും..
ഒരു കഥ ഒരു നുണക്കഥ എന്നതിലെ "അറിയാതെ അറിയാതെ എന്നിലെ എന്നിൽ കവിതയായ് വന്നു തുളുമ്പി" മറ്റൊരു എം ഡി രാജേന്ദ്രൻ സാക്ഷ്യം...
ജെറി അമൽ ദേവും, ജോൺസണും കുറച്ചു ഗാനങ്ങൾ സംഗീതം ചെയ്തിട്ടുണ്ട്. ഒരു എം ഡി രാജേന്ദ്രൻ കാലം സിനിമയിൽ ഉറപ്പിച്ചു നിർത്തുന്നു വിരലിലെണ്ണാവുന്ന ഗാനങ്ങളെ ഉള്ളുവെങ്കിലും ...
No comments:
Post a Comment