ചിലർ അങ്ങിനെയാണ്. ഒരിടത്തും ശോഭിക്കില്ല. മറ്റു ചിലർ ഒന്ന് തെളിഞ്ഞു മിന്നി മറയും. ചിലരെന്നും സ്ഥിരം പ്രകാശം പരത്തി എവിടെയുമുണ്ടാകും. ഉജ്വല പ്രകാശം പരത്തുന്നവർക്കിടയിലേക്കു ഒരു മെഴുതിരി നാളവുമായി അപൂർവം ചിലർ വരും. ചിലപ്പോൾ ഈ മെഴുതിരിനാളത്തിനുമുണ്ടാകും ഒരപൂർവ ശോഭ .. കലാ സാംസ്കാരിക രംഗങ്ങളിൽ അങ്ങിനെ പ്രകാശം പരത്തിയവരെത്രയെത്ര . സിനിമ രംഗത്ത് പാട്ടെഴുത്തുകാരായി പലരും വന്നു. ചിലർ ഇവിടെ സ്ഥിരമായി .ആസ്ഥാന എഴുത്തുകാരായി . കുറെയേറെ പേർ ഒന്ന് രണ്ടു പാട്ടുകൾ നൽകി സ്ഥലം വിട്ടു. പ്രഗത്ഭമതികൾ വരെ അങ്ങിനെ വന്നു പോവേണ്ടി വന്നിട്ടുണ്ട്. പിടിച്ചു നിൽക്കാൻ ശ്രമിച്ചവർ കുറച്ചു പേർ . ഈ രംഗം ഇഷ്ടപ്പെടാതെ മടങ്ങിയവരുമുണ്ട് . മത്സരത്തിന്റെ വേദി സിനിമാരംഗം . പിടിപാടുള്ളവർ ശ്രദ്ധിക്കപ്പെടും. പലരെയും തൃപ്തിപ്പെടുത്തേണ്ടി വരും.. ഇടക്കൊന്നു വന്ന് ചില പാട്ടുകളെഴുതി വന്നു പോയവരിൽ രണ്ടു പേരെ ഒന്ന് തിരഞ്ഞു പോവാം ..
വെള്ളനാട് നാരായണൻ
-------------------------------------
വളരെ കുറച്ചു ഗാനങ്ങൾ മാത്രം എഴുതി തിരിച്ചു പോയ ഇദ്ദേഹത്തിന്റെ കരവിരുതായി രണ്ടുമൂന്നു ഗാനങ്ങൾ ചൂണ്ടിക്കാണിക്കാനാവും.
വേദന തുളുമ്പുന്ന ഒരു പ്രണയഗാനത്തിനു വരികൾ എഴുതിച്ചേർത്ത ആദ്യ സംരംഭം തന്നെ വലിയ വിജയമായിരുന്നു..
സരസ്വതീ യാമത്തിലെ നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ ... എന്ന ഗാനം... ഏ ടി ഉമ്മറിന്റെ വിഷാദ സംഗീതത്തിന് അത്രമേൽ മനസ്സുകളെ ഉലയ്ക്കാൻ കഴിഞ്ഞു ഈ ഗാനത്തിലൂടെ ... വളരെ മൃദുല വികാര ജീവിയായ ഒരു കാമുകന്റെ മൂക വിഷാദങ്ങൾ ... ഇന്നും ആ വരികളും സംഗീതവും മലയാളി ശ്രോതാക്കൾ മറന്നിട്ടില്ല.
പൂവും പൊട്ടുമണിഞ്ഞ മനസ്സിൽ പുതിയ പ്രതീക്ഷകൾ ഉണർത്തിയ മറ്റൊരു ഗാനം. പൗരുഷം എന്ന ചിത്രത്തിന് വേണ്ടി "ഇനിയും ഇതൾ ചൂടി ഉണരും മധുരവികാരങ്ങൾ " ... ഒരു സാധാരണ പ്രണയഗാനം ആണെങ്കിലും വരികളും സംഗീതവും ശ്രദ്ധിക്കപ്പെട്ടു . ഏ ടി ഉമ്മറിന്റെ ഒതുക്കമുള്ള ഈണം വലിയൊരളവിൽ ഇത്തരം ഗാനങ്ങളെ സംരക്ഷിച്ചു നിർത്തുന്നു...
പഴയ കാല ഗായകനായ കെ പി ഉദയഭാനുവിന്റെ സംഗീതത്തിൽ " മംഗല്യ സ്വപ്നങ്ങളെ ,മധുരാഭിലാഷങ്ങളെ "എന്ന ഗാനം വെളിച്ചമില്ലാത്ത വീഥി എന്ന ചിത്രത്തിന് വേണ്ടി ..
വെള്ളനാട് നാരായണൻ എന്ന പാട്ടെഴുത്തുകാരന്റെ സംഭാവനകൾ ഓർമ്മിപ്പിക്കുന്നത് ഇവ മാത്രം...
ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
----------------------------------------------
ഇദ്ദേഹവും കുറച്ചു കാലം ഇവിടെയൊക്കെ ഉണ്ടായിരുന്നു. ദേവരാജനും എം കെ അർജുനനും സംഗീതം നൽകിയ ഏതാനും ഗാനങ്ങൾ ഇദ്ദേഹത്തിനിവിടെ ഒരു സ്ഥാനം നൽകി..
ഇന്നലെ ഇന്നിന് വേണ്ടി ദേവരാജന്റെ സംഗീതത്തിൽ "സ്വർണയവനികക്കുള്ളിലെ സ്വപ്നനാടകം " എന്ന ഗാനം. സ്വപ്നനാടകമാടുന്ന മനുഷ്യന്റെ ധർമ്മസങ്കടങ്ങൾ , വർണ്ണമോഹങ്ങൾ വാരിവിതറുന്ന വാനപുഷ്പം ജീവിതം എന്ന് കവി സങ്കല്പം ...
അമർഷം എന്ന ചിത്രത്തിലെ ": വാതിൽ തുറക്കൂ പാതിരാക്കിളീ , ആതിര രാവല്ലേ " എന്ന പല്ലവി തുടക്കം ഗംഭീരമായിരുന്നു...ആതിരരാവിൽ പ്രണയിനിയുമായുള്ള സമാഗമത്തെ കൊതിക്കുന്ന അസ്വസ്ഥ നായകൻറെ മനം തുറപ്പിച്ച ഗാനം...
അതും ജി ദേവരാജന്റെ സംഗീതത്തിൽ...
കോരിത്തരിച്ച നാളിൽ " ഏഴിലംപാല തണലിൽ ഏഴഴകുള്ള രഥത്തിൽ " എന്ന ഗാനം ഇദ്ദേഹത്തിന്റെ മാസ്റ്റർപീസാണ് ...എം കെ അർജുനന്റെ മധുര സംഗീതത്തിൽ നിന്നും ഉതിർന്നത് .... അതിലെ തന്നെ "ശ്രാവണ പൗർണമി പന്തലിട്ടു,പൂവായ പൂവെല്ലാം അണിനിരന്നു " എന്നതും ഹൃദ്യം ...
പാട്ടുകളിലെ മണിച്ചെപ്പിലേക്ക് എടുത്തുവെക്കാവുന്ന ചില മുത്തുകൾ ഇവിടെ നിരത്തിയെന്നു മാത്രം.. ചിലരിതു സ്വീകരിക്കും. ചിലർ തള്ളിക്കളയും.... എന്തുതന്നെയായാലും ഇവർക്കും ഇവിടെ ഒരിടമുണ്ട്.. ഈ പാട്ടുലോകത്ത് ..
No comments:
Post a Comment