. മലയാള സിനിമാ സംഗീതത്തിൽ ഇവ രണ്ടും ആസ്വാദനത്തിനായി നിരത്തിയിട്ടുണ്ട് . നമ്മൾ ഉത്തമമായത് തിരഞ്ഞെടുക്കുമ്പോൾ , സംഗീതത്തിന്റെ നിതാന്തധാരയിൽ അലിഞ്ഞില്ലാതാവുമ്പോൾ അതിനു പിറവി നല്കിയോരെ അനുസ്മരിക്കുന്നത് ഉചിതം . മലയാള സിനിമാ ഗാനങ്ങൾ ക്ലാസിക്കൽ തലത്തിലേയ്ക്ക് ഉയർത്തിയവരിൽ പ്രമുഖർ ദേവരാജൻ , ബാബുരാജ് , ദക്ഷിണാമൂർത്തി , എം കെ അർജുനൻ , രവീന്ദ്രൻ തുടങ്ങിയവർ ആണ് . സംഗീതത്തിന്റെ പാരമ്പര്യം അറിഞ്ഞ് പ്രയോഗിച്ചവർ.
മലയാള ഗാനങ്ങളുടെ നാൾവഴികളിലൂടെ സഞ്ചരിക്കുമ്പോൾ രവീന്ദ്രൻ എന്ന അത്ഭുത പ്രതിഭാ സ്പർശം നമ്മൾ തിരിച്ചറിയും. ആ ഗാനങ്ങൾ സൃഷ്ടിച്ച ആവാച്യ നിർവൃതിയിൽ നമ്മൾ കാലങ്ങളോളം വിശ്രമിക്കാൻ കൊതിക്കും .
ഇന്ന് ശ്രീ രവീന്ദ്രന്റെ ജന്മദിനം ആണ്. ആ മഹാപ്രതിഭയെ ഓർക്കാൻ അദ്ദേഹത്തിന്റെ ജന്മദിനം വേണമെന്നില്ല. രവീന്ദ്രൻ ജന്മം കൊടുത്ത ഗാനസന്തതികൾ നമ്മുടെ മുൻപിൽ സ്മാരകങ്ങളായുണ്ട് . എന്നേക്കും നമ്മൾക്കായി തന്നുപോയ മഹത്തായ സ്വത്ത് സംരക്ഷിക്കുക നമ്മുടെ കടമ . ആദരവോടെ ആ മഹാസംഗീതജ്ഞനെ പ്രണാമം അർപ്പിക്കുമ്പോൾ കുറച്ചു ഇഷ്ടഗാനങ്ങൾ കൂടെ ഇവിടെ പങ്കുവെക്കുന്നു.
ചൂളയിലെ " താരകേ.. മിഴിയിതളിൽ " എന്ന ഗാനം ഞാൻ എന്റെ കൌമാര കാലത്ത് ആസ്വദിച്ച ഒരു ഗാനം ആണ്. സംഗീതത്തിന്റെ ആ ഗാംഭീര്യം അറിഞ്ഞ് ആ കുഞ്ഞുനാളുകളിലും ഞാൻ വിസ്മയപ്പെട്ടുപോയിരുന്നു.
" ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം " . ഈ ഗാനം കേൾക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു വെള്ളച്ചാട്ടത്തിന്റെ രംഗം കാണുമായിരുന്നു.
" തേനും വയമ്പും "
" ഒറ്റക്കമ്പി നാദം മാത്രം"
ഇവയുടെ ചിറകിലേറി എത്രയെത്ര പകലുകൾ , രാവുകൾ. .....
തട്ടുപൊളിപ്പൻ സിനിമകളിലും ഉജ്വല സംഗീതം നിറയ്ക്കാൻ രവീന്ദ്രന് കഴിഞ്ഞു.
ബെൽറ്റ് മത്തായിക്ക് വേണ്ടി " രാജീവം വിടരും നിൻ മിഴികൾ " എന്ന ഗാനം ഒരുദാഹരണം ആണ് .
പ്രശ്നം ഗുരുതരത്തിലെ " ലീലാ തിലകം ചാർത്തി " നല്ലൊരു ഗാനം ആണ്.
മരിയ്ക്കുന്നില്ല ഞാൻ എന്ന സിനിമയിലെ " ചന്ദനമണിവാതിൽ പാതി ചാരി " വേണുഗോപാൽ എന്ന ഗായകന് കിട്ടിയ വരദാനം ആണ്.
കിഴക്കുണരും പക്ഷിയിലെ " സൌപർണ്ണികാമൃത വീചികൾ "
ധനത്തിലെ " ചീരപൂവുകൾക്കുമ്മകൊടുക്കണ "
സൂര്യഗായത്രിയിലെ " ആലിലമഞ്ചലിൽ "
ഇവ നല്കുന്ന സംഗീതസുഖം ഒന്ന് വേറെതന്നെയാണ് .
അരയന്നങ്ങളുടെ വീട്ടിലെ " ദീനദയാലോ രാമാ " എന്ന ഗാനം വല്ലപ്പോഴും സംഗീതാസ്വാദകനു കിട്ടുന്ന ഒരനുഗ്രഹം ആണ്. അതിലെ തന്നെ " മനസ്സിൻ മണിചിമിഴിൽ " വിരഹഗാനങ്ങളുടെ പട്ടികയിൽ വയലാർ - ദേവരാജൻ ശോകഗാനങ്ങളോടൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നുമുണ്ട്.
യുവജനോത്സവത്തിലെ " പാടാം നമുക്ക് പാടാം " ഒരൊന്നാന്തരം പ്രണയവിരഹ ഗാനം ആണ്.
ഹിസ് ഹൈനസ് അബ്ദുള്ളയിലെ " പ്രമദവനം വീണ്ടും"
ആറാം തമ്പുരാനിലെ " ഹരിമുരളീരവം "
വടക്കുന്നാഥനിലെ " ഗംഗേ..." എന്നിവ
പാട്ടിന്റെ പാലപ്പൂമണം പരത്തി പാട്ടാസ്വാദകനെ നിർവൃതിയുടെ ശ്രുംഗങ്ങളിൽ കൊണ്ടെത്തിക്കുന്നു .
അസാദ്ധ്യം എന്നൊരു വിശേഷണം നമ്മൾ കൊടുക്കാറുണ്ട് . ചില അസാമാന്യപ്രവർത്തികൾക്ക് .
" ഏതോ നിദ്രതൻ " ( അയാൾ കഥയെഴുതുകയാണ് )
" മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിണ്‍ സൂര്യൻ ( കന്മദം)
ഈ ഗാനങ്ങൾക്ക് പറയാൻ ഒറ്റവാക്ക് ഒറ്റവാക്ക് മാത്രം " അസാദ്ധ്യം ".
ചില സിനിമകളിൽ പാട്ടുകൾ കഥയ്ക്ക് അനുയോജ്യമായ വിധത്തിൽ ആയിരിക്കില്ല ചേർത്തിരിക്കുന്നത് . മോരും മുതിരയും പോലെ അതങ്ങിനെ കിടക്കും .കഥാസന്ദർഭത്തിനു നൂറു ശതമാനവും അനുയോജ്യമായ പാട്ടുകൾ ഒരുക്കാൻ രവീന്ദ്രനുള്ള കഴിവ് അപാരം തന്നെയാണ് .
വെങ്കലം, മഴയെത്തും മുൻപേ , നന്ദനം ,മിഴി രണ്ടിലും , അമരം, കമലദളം ,ഭരതം ,മഴ ,രാജശില്പി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ഉദാഹരണം .
ഇന്നത്തെ തലമുറ അത്ര ശ്രദ്ധിച്ചിട്ടില്ലാത്ത ചില മണിമുത്തുകൾ വേറെയുമുണ്ട്.
"രാവിൽ .. രാഗനിലാവിൽ " -- മഴനിലാവ്
" എന്റെ മണ്‍വീണയിൽ കൂടണയാനൊരു " -- നേരം പുലരുമ്പോൾ
എന്നീ ഗാനങ്ങൾ അത്ര കേൾക്കാത്ത അതിസുന്ദരമായത് .
" പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി "
ഈ ഒരു പാട്ടിന്റെ സുഖാലസ്യത്തിൽ മയങ്ങാൻ ഇഷ്ടപ്പെട്ടുകൊണ്ട്...
ആദ്യമായാണ് ഒരു ബ്ലോഗ് ഇത്രയും സമയം എടുത്തു ആസ്വദിച്ചു വായിക്കുന്നത്. മറ്റൊന്ന് കൂടി പറഞ്ഞാൽ ആദ്യമായാണ് ഇൻറർനെറ്റിൽ ഒരു കമന്റ് പോസ്റ്റ് ചെയ്യുന്നത്. ഇത്രയും ഇഷ്ടപ്പെട്ടു വായിച്ചിട്ടു ഒരു നന്ദി വാക്ക് പറയാതെ പോകാൻ തോന്നിയില്ല. ആകസ്മികമായി ഇഷ്ടപെട്ട രണ്ടു പാട്ടുകളുടെ വരികൾ ഗൂഗിൾ സെർച്ച് ചെയ്തപ്പോളാണ് താങ്കളുടെ ബ്ലോഗ്ഗിൽ എത്തിയത്. പക്ഷെ ഇത് തീർച്ചയായും കൂടുതൽ ആളുകളിൽ എത്തേണ്ട ഒരു ലേഖനമാണ്. ഇത് പോലെ പിടിച്ചിരുത്തുന്ന ഒരു ലേഖനം ആഴ്ചപ്പതിപ്പിലോ ന്യൂസ്പേപ്പറിലോ ആണ് സാധാരണ കണ്ടിട്ടുള്ളത്.
ReplyDelete