Tuesday, November 19, 2019

മാണിക്യവീണയുമായെൻ ....




1955 ലെ കാലം മാറുന്നു എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീ ഓ എൻ വി കുറുപ്പ് എന്ന കവി തൊട്ടതെല്ലാം പൊന്നാക്കുന്ന അപൂർവപ്രതിഭയാണ് .സർക്കാർ ജോലിയിൽ ആയതുകൊണ്ടായിരിക്കും  ബാലമുരളി എന്ന പേരിലായിരുന്നു ആദ്യമൊക്കെ രചന നടത്തിയിരുന്നത്. വയലാർ ,പി ഭാസ്കരൻ, ശ്രീകുമാരൻതമ്പി  കവിത്രയത്തോട് കിടപിടിച്ച് ഒരൊറ്റയാനായി വിലസ്സി .അമ്പത്തഞ്ചിൽ പാട്ടുകളെഴുതി തുടങ്ങിയെങ്കിലും 1965 ലെ കാട്ടുപൂക്കളിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് നടത്തി ശ്രീ കുറുപ്പ് സാർ. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടുമില്ല. മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളെ ... എന്ന പ്രണയഗാനവുമായുള്ള തുടക്കം തന്നെ ഗംഭീരമായിരുന്നു. അന്നത്തെ പതിവ് രീതിയിൽ എങ്കിലും ദേവരാജൻ സംഗീതം മികച്ചതായിരുന്നു. 
പാട്ടെഴുത്തുകാർക്കു ഓരോരുത്തർക്കും ഓരോ രീതിയാണ്. കുമാരസംഭവത്തിനു വേണ്ടി ആദ്യഗാനം ആരെഴുതും എന്ന തർക്കത്തിൽ സുബ്രമണ്യം സ്വാമി വയലാറിനോടും ഓ എൻ വിയോടും ഒരേ സന്ദര്ഭത്തിനുള്ള പാട്ടെഴുതാൻ നിർദേശിച്ചപ്പോൾ ഓ എൻ വി പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട .. എന്ന ഗാനം എഴുതിയപ്പോൾ ശ്രീ വയലാർ രാമവർമ്മ ഓംകാരം ഓംകാരം ... ആദിമ മന്ത്രം.... എന്ന ഗാനവും സൃഷ്ടിച്ചു. എന്തൊകൊണ്ടോ ആദ്യഗാനമായി തിരഞ്ഞെടുത്തത് ഓ എൻ വി യുടേതായിരുന്നു. എന്നാൽ വയലാറിന്റെ ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഉദയായുടെ മിക്ക പടങ്ങളിലും വയലാർ ആണല്ലോ രചന നിർവഹിച്ചിരിക്കുന്നത്...
ഓ എൻ വി വരികൾക്കുള്ള ഒതുക്കം വിശേഷപ്പെട്ടതാണ്. വരികൾ കുതിച്ചു ചാടി ഒഴുകുന്നില്ല. ശാന്തമായൊഴുകുന്ന പുഴ പോലെ . അതിന്റെ കരയിൽ കുഞ്ഞിളക്കങ്ങൾ കണ്ടിരിക്കാൻ രസമാണ്.  കരുണയിലെ വാസവദത്തയ്ക്ക് വേണ്ടി എഴുതി സുശീലാമ്മ പാടിയ എന്തിനീ ചിലങ്കകൾ എന്തിനീ കൈവളകൾ എന്ന സ്വർഗീയഗാനം അവിസ്‌മരണീയമാണ്..

വാസന്തപുഷ്പങ്ങളില്‍ വണ്ടുകള്‍ മയങ്ങുമ്പോള്‍
വാസരസ്വപ്നമൊന്നില്‍ മുഴുകിപ്പോയ് ഞാന്‍
വാസനത്തൈലം പൂശി വാര്‍മുടി കോതി വയ്ക്കാന്‍
വാലിട്ടു കണ്ണെഴുതാന്‍ മറന്നുപോയ് ഞാന്‍

എത്ര ഒതുക്കത്തോടെ എഴുതിചേർത്തിരിക്കുന്നു. പദപ്രയോഗങ്ങളിലൊന്നും ദ്വയാർത്ഥപ്രയോഗങ്ങളോന്നും ചേർക്കാതെ ... ഖണ്ഡകാവ്യം ചലച്ചിത്രമായപ്പോൾ അതിൽ വരുന്ന ഗാനങ്ങളും അതിനോട്  ചേരുന്ന വിധത്തിലായിരിക്കണം. അതിലും മികച്ചതായാൽ തെറ്റ് പറയാനുമാവില്ലല്ലോ... അതാണ് സംഭവിച്ചത്... ഈയൊരു വാക്കൊതുക്കം അവസാനഗാനം വരെ അദ്ദേഹം നിഷ്ഠയോടെ കൊണ്ടുനടന്നിട്ടുണ്ട്.
കാലങ്ങൾ ഏറെ കഴിഞ്ഞതിനു ശേഷം ഭരതന്റെ വൈശാലിക്ക് വേണ്ടി ഓ എൻ വി എഴുതുന്നു. ഋശ്യശൃംഗനെ മയക്കാനെത്തിയ വൈശാലിയുടെ മാനസിക ചിന്തകൾ വരച്ചു വെച്ച ഗാനം .സ്ത്രീകളെ കണ്ടിട്ടില്ലാത്ത അവരുടെ സ്പർശം അറിഞ്ഞിട്ടില്ലാത്ത ആ താപസന്റെ മനോവികാരങ്ങളെ കുറിച്ച്  "ഇന്ദ്രനീലിമയോലും ഈ മിഴിപൊയ്കകളിൽ .." എന്ന ഉജ്വല ഗാനം  വരികളിലെ മാസ്മരികത കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. 

വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ
ഹർഷാശ്രു പൂക്കളിൽ നിന്നുതിർന്നതെന്തേ
മൃദുരവമുതിരും മധുകരമണയേ
ഇതളുകലുലഞ്ഞു വീർപ്പുതിർന്നത്തെന്തേ
ഉന്മത്ത കോകിലത്തിൻ ആലാപ ശ്രുതി കേൾക്കെ
പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ
അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ

ഇങ്ങനെയൊക്കെ എഴുതാൻ ഓ എൻ വിക്കേ കഴിയൂ...
കവിയുടെ വരികളുടെ ജീവൻ അറിഞ്ഞ സംഗീതസംവിധായകർ ചിട്ടപ്പെടുത്തുന്നവയ്ക്ക് ചാരുതയേറും..
ഓ എൻ വി യുടെ വരികളിലെ കവിത തിരിച്ചറിഞ്ഞ പ്രമുഖ സംഗീത സംവിധായകൻ ശ്രീ എം ബി ശ്രീനിവാസൻ ആണെന്ന് പറയുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളവരും ഉണ്ടായേക്കാം.
എന്നാൽ ബന്ധനത്തിലെ രാഗം ശ്രീരാഗം ...
ഉൾക്കടലിലെ എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെൺകൊടി , കൃഷ്ണതുളസി കതിരുകൾ ചൂടിയ, നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ , ശരദിന്ദു മലർദീപ നാളം നീട്ടി ...
മനസ്സിന്റെ തീർത്ഥയാത്രയിലെ  നടന്നും നടന്നേറെ തളർന്നും ..
ചില്ലിലെ ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ..
പോക്കുവെയിൽ പൊന്നുരുകി പുഴയിൽ വീണു ...  ചൈത്രം ചായം ചാലിച്ചു ...
പരസ്പരത്തിലെ നിറങ്ങൾ തൻ നൃത്തം ...
മണിവത്തൂരിലെ ആയിരം ശിവരാത്രികളിലെ   നെറ്റിയിൽ പൂവുള്ള സ്വർണ്ണചിറകുള്ള പക്ഷീ ...
എന്നിവയൊക്കെ തന്നെ വരികളുടെ കാമ്പ് കാണിച്ചുതരുന്ന ഈണങ്ങളാണ്..
സംഗീതത്തിന്റെ വസന്തകാലം തിരിച്ചുവന്ന ഒരു തോന്നലായിരുന്നു രവി ബോംബേ എന്ന സംഗീതജ്ഞന്റെ വരവോടെ. സംഗീതം ചെയ്ത എല്ലാം ഗാനങ്ങളും മലയാളികളുടെ മനസ്സിൽ എന്നെന്നും നിലനിൽക്കുന്നതാണല്ലോ.  ശ്രീ ഓ എൻ വി കുറുപ്പിനായിരുന്നു മിക്ക ഗാനങ്ങളുടെയും വരികൾ എഴുതാൻ യോഗം. പഞ്ചാഗ്നി എന്ന എംടി ചിത്രത്തിലൂടെ മലയാളത്തിലേക്ക് ബോംബേ സംഗീതം കൊണ്ടുവന്ന അസാമാന്യനു വേണ്ടി അസാധാരണത്വമുള്ള വരികൾ നൽകി കവി.
സാഗരങ്ങളെ പാടി ഉണർത്തിയ ഗാനവുമായി ഹൃദയസാഗരങ്ങളെ തഴുകി ഉണർത്തി രണ്ടുപേരും കൂടി.. അതിലെ തന്നെ ആ രാത്രിമാഞ്ഞു പോയി എന്നതും മികച്ചത് ..
നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, മഞ്ഞൾപ്രസാദവും, കേവലമർത്യഭാഷ കേൾക്കാത്ത , നീരാടുവാൻ  എന്നീ ഗാനങ്ങൾ നൽകിപ്പോയ പുളകങ്ങളെ മറക്കുവതെങ്ങിനെ നാം...
വൈശാലിയിലെയും, സുകൃതത്തിലെയും ഗാനങ്ങൾ നിലവാരം പുലർത്തിയത് തന്നെയായിരുന്നു...
കുന്നിമണികളെയും , വളപ്പൊട്ടുകളെയും ബാല്യകൗമാരങ്ങളുടെ ഓർമ്മബിംബങ്ങളാക്കിയ കവി പ്രണയവിരഹഗാനങ്ങളുടെ തലതൊട്ടപ്പനും കൂടിയാണ്. യുദ്ധകാണ്ഡത്തിലെ കെ രാഘവന്റെ ഈണത്തിൽ ശ്യാമസുന്ദരപുഷ്പമേ  അക്കാലത്തെ യുവമനസ്സുകൾക്ക് വല്ലാത്ത വിങ്ങലുകൾ നൽകിയ ഗാനം ആണ്..
ടൂറിസ്റ്റ് ബംഗ്ളാവിലൂടെ കണ്ണെഴുതി പൊട്ടുതൊട്ട്  എന്ന ഗാനം നൽകി സുജാത എന്ന ഗായികയെ നമുക്ക് സമ്മാനിച്ചു  എം കെ അർജുനനോടൊപ്പം  ഓ എൻ വി..

ഓ എൻവി സലിൽ ചൗധരി കൂട്ടുകെട്ട് ഏറെ മികച്ച ഗാനങ്ങൾ നമുക്ക് നൽകിയിട്ടുണ്ട്. പലതും സംഗീതം കൊണ്ട് മികച്ചതെങ്കിലും വരികളുടെ ഉള്ളറിഞ്ഞു കൊണ്ടാണ് ഈണമിട്ടത് എന്നൂഹിക്കാനാവില്ല... വരികൾ തന്നെ മുറിഞ്ഞിരിക്കുന്നതും മനസ്സിലാവും. എന്നാലും...
സ്വപ്നത്തിലൂടെ  നീ വരൂ കാവ്യദേവതേ...
ശാരികേ എൻ ശാരികേ ,,,,
സമയമായില്ല പോലും എന്നതിലെ ശ്യാമമേഘമേ ..
ചുവന്നചിറകുകളിലെ  യാമിനി ദേവീ യാമിനി, പറന്നുപോയ് നീ അകലെ , നീയൊരോമൽ കാവ്യചിത്രം പോലെ ...
ദേവദാസിയിലെ  പദരേണു തേടിയലഞ്ഞു...
എന്നിവയൊക്കെ ഉണ്ടെങ്കിലും ബോംബേ രവിയുടെ പദങ്ങൾ ചിട്ടപ്പെടുത്തിയ 'മലയാളിത്തം' ഇദ്ദേഹത്തിന് കൈവന്നിരുന്നില്ല എന്നത് പായാതെ വയ്യ..
ഓ എൻ വിയുടെ വരികളിൽ തന്നെ ആസ്വാദകൻ കുടുങ്ങിക്കിടക്കുന്ന കുറെ ഗാനങ്ങൾ ഉണ്ട്..
വചനത്തിലെ നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി...
നീയെത്ര ധന്യയിലെ അരുകിൽ നീ ഉണ്ടായിരുന്നെങ്കിൽ ...
ഇടനാഴിയിൽ ഒരു കാലൊച്ചയിലെ വാതിൽപ്പഴുതിലൂടെൻ മുന്നിൽ...
നേരം പുലരുമ്പോഴിലെ എന്റെ മൺവീണയിൽ  കൂടണയാനൊരു ...
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ  പവിഴം പോൽ പവിഴാധരം പോൽ...
ഒരു കൊച്ചു സ്വപ്നത്തിലെ മാറിൽ ചാർത്തിയ മരതകകഞ്ചുകമഴിഞ്ഞു വീഴുന്നു..
മേഘമൽഹാറിലെ ഒരു നറുപുഷ്പമായ് ...
എന്നിവയൊക്കെ കേൾക്കാനും അറിയാനും ,അനുഭവിക്കാനും ഭാഗ്യം കിട്ടിയ മനുഷ്യ ജന്മത്തിന് നന്ദി പറഞ്ഞു പോവും നമ്മൾ...
അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചത്തിലൂടെ ചിലയിടങ്ങളിൽ നിന്നുള്ള മുത്തുകൾ മാത്രമേ ഞാനിവിടെ നിരത്തിയിട്ടുള്ളൂ... തിളക്കമുള്ളവ ഏറെയുണ്ടിനിയും... 

കവിയ്ക്ക് പ്രണാമം അർപ്പിച്ചു കൊണ്ട്

No comments:

Post a Comment