കഷ്ടിച്ച് അരമണിക്കൂർ കൊണ്ട് വായിച്ചു തീരാവുന്ന ഒരു നോവൽ. എന്നാൽ വായിച്ചു കഴിയുമ്പോൾ അലകടലുലയുന്നതു പോലെ ഒരുലച്ചിലിൽ പെടും. ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരു കടലാസു തോണിയിൽ നിന്നും തെറിച്ചു വീഴും. 79 പേജുകൾ മാത്രമുള്ള ഈ കൊച്ചു നോവലിൽ മനുഷ്യജീവിതത്തിന്റെ ആശകളും, നിരാശകളും, വാശികളും, മത്സരങ്ങളും, അലസതയും,നിർബന്ധബുദ്ധിയും ,എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. പലപ്പോഴും ഇതൊക്കെ പ്രകടിപ്പിക്കുന്ന വെറും ശിശു മാത്രം ഓരോ മനുഷ്യനും എന്നുമോർമ്മിപ്പിക്കുന്നുണ്ട് നോവലിസ്റ്റ്.
സ്വപ്നത്തിൽ കണ്ട ഒരു വിചിത്ര സ്വപ്നത്തെ അയവിറക്കുന്ന അയാളിലൂടെ നോവൽ ആരംഭിക്കുന്നു. വെള്ളത്തിൽ ഒഴുകിപ്പോവുന്ന ഒരു കടലാസ് അതിന്റെ അടിഭാഗത്ത് ഭാഗ്യനിർഭാഗ്യത്തിന്റെ എന്തോ എഴുതിയിട്ടുണ്ട് ... അതെടുക്കൂ എന്നാരോ പറയുന്ന പോലെ.. അതിനു ശേഷം ട്രെയിൻ യാത്രയിൽ ഒരു വൃദ്ധയുടെ ദയനീയതയിൽ മനസ്സൂന്നി അവരിൽ നിന്നൊരു ലോട്ടറി ടിക്കറ്റ് എടുക്കുന്നു. ലോട്ടറിടിക്കറ്റ് എടുക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളായിട്ടും .. പിന്നീടത് ഉപേക്ഷിക്കുമ്പോഴൊക്കെ തിരികെ വരുന്ന ലോട്ടറിടിക്കറ്റ്. സഹയാത്രികൻ, വീട്ടിലെ വേലക്കാരി, സെക്യൂരിറ്റി ജീവനക്കാരൻ , ഭിക്ഷക്കാരി എന്നിവരിലൂടെ ...
അയാം ലക്കി എന്ന് പറഞ്ഞുകൊണ്ട് ജീവിതം ചിട്ടയോടെ നിലനിർത്തുന്ന സുബ്രമണ്യം എന്ന അയൽക്കാരൻ . ചിട്ട തെറ്റിക്കുന്ന ഭാര്യയെയും ,മക്കളെയും ജീവിതത്തിൽ നിന്നും അകറ്റിനിർത്തുന്നയാൾ .എല്ലാത്തിലും ജയിച്ചെന്ന അഹന്തയോടെ പുലരുന്ന ഏതോ നേരത്തായിരിക്കും ഭാഗ്യം കൊണ്ടുവന്ന ആ നിരർത്ഥകജീവിതത്തിന്റെ പൊരുൾ അദ്ദേഹത്തിന് മനസ്സിലായത്. കൈവിട്ടു പോയ ജീവിതത്തിൽ നിന്നും പിന്നെ വിടുതൽ നേടേണ്ടത് അയാൾക്ക് അത്യാവശ്യമായിരുന്നു. ഭാഗ്യം വിൽക്കുന്ന നിർഭാഗ്യവാന്മാരുടെ ജീവിത ദൈന്യത ചിന്തിപ്പിക്കുന്നതാണ്. പിടികിട്ടാത്തതും, മോഹിപ്പിച്ചു കൊണ്ട് കടന്നുപോവുന്നതും ആയ ഭാഗ്യത്തെ പലപ്പോഴും കണ്ടുനിൽക്കാൻ കഴിയൂ. അതുകൊണ്ടൊക്കെ തന്നെ ജീവിതത്തിന്റെ ഓരോ അരികും സ്പർശിച്ചു പോവുന്നുണ്ട് ഈ കൊച്ചുനോവൽ.. തന്റെ ജീവിതത്തിലും വന്നു പെട്ട ഭാഗ്യനിർഭാഗ്യങ്ങളുടെ ഒരോർമ്മക്കുറിപ്പും നൽകുന്നുണ്ട് നായകൻ. കോടീശ്വര കുടുംബത്തിലെ അംഗം. മുച്ചീട്ടുകളിക്കാരനായ അച്ഛൻ. ഭാഗ്യത്തിന്റെ പ്രതീകമായ അമ്മയെ പുറകിലിരുത്തി കോടികൾ കൊയ്യുന്നു. ഒരിക്കലൊരു കളിയിൽ എതിരാളിയുമായി പ്രണയത്തിലായ 'അമ്മ അയാളുടെ കൂടെ നാടുവിടുമ്പോൾ ഭാഗ്യത്തെ പ്രാകുന്ന അച്ഛൻ. ഉന്മാദാവസ്ഥയിലായ അച്ഛന്റെ പ്രതികാരമനോഭാവവും കളികളിലെ നിരന്തര തോൽവിയും, തകർച്ചയും ,മാനസികവിഭ്രാന്തിയും , അപ്പുവെന്ന സന്തതസഹചാരിയെ കള്ളനാക്കി മുദ്രകുത്തി ജയിലിലടപ്പിക്കുന്നതും എല്ലാം ചേർത്തു വായിക്കുമ്പോൾ അദൃശ്യനായ ഒരു മാന്ത്രികന്റെ നിഴൽ ദർശിക്കാം വായനക്കാരന്. ഒരു കയ്യിൽ ഭാഗ്യവും, മറുകയ്യിൽ നിര്ഭാഗ്യവും പേറിയ ഒരു നിഴൽരൂപം...
പിന്നീട് അപ്പുവിനെ തേടി പോവുന്ന നായകൻ യഥാർഥ ഭാഗ്യത്തെകണ്ടെത്തുന്നുണ്ട്... ലക്ഷ്യങ്ങളുള്ള ആരും ഭാഗ്യവാനാണ് എന്ന തത്വം ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്. അപ്പുവിന്റെ അമ്മയെ കണ്ടെത്തിയതിലും, പിന്നീട് ആ ഭാഗ്യത്തെ സംരക്ഷിക്കാൻ തീരുമാനിക്കാൻ ഒരുങ്ങുന്നതിലെ പൂർണ്ണനന്മയും കരുത്തേകുന്നത് ...
സ്നേഹിക്കുന്നവർ കൂടെയുണ്ടെങ്കിലേ വീടൊരു സ്വർഗമാവുള്ളൂ ... അമ്മയെന്ന സ്വർഗം...
നന്ദി ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് സാർ ...
ഭാഗ്യരേഖ എന്ന ഈ കൊച്ചു നോവലിന്.... സ്നേഹത്തിന് ...
No comments:
Post a Comment