മതിലുകൾ രണ്ടു വിധത്തിലാണുള്ളത് .മണ്ണിലും മനസ്സിലും പണിയുന്നത്. രണ്ടും പൊളിച്ചുമാറ്റാനാവാതെ അപ്പുറവും ഇപ്പുറവും എന്നോണം ജനതതികൾ .നൂറ്റാണ്ടുകളായി തുടരുന്നത്.ആദ്യം തീർക്കുന്നത് മനസ്സിലെ മതിലെങ്കിലും പിന്നീടുയർന്നു വരുന്ന മണ്ണിലെ മതിൽ പല ജാതി ജനങ്ങളെയും, സംസ്കാരങ്ങളെയും കാലങ്ങൾക്കു പുറകിലേക്ക് വലിച്ചെറിയുന്ന സ്മാരകസ്തംഭങ്ങളായി തീരുന്നു. ഒരു സംസ്കാര സമ്പന്ന ജനതയുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറി കീഴ്‌പ്പെടുത്തി അവരുടെ സമ്പത്തിനെ ചൂഷണം ചെയ്ത് അന്നാട്ടിൽ തന്നെ സ്വദേശികളെ അടിമകളാക്കി ഭരിച്ചു പോരുന്ന വിഭാഗങ്ങൾ. ബ്രിട്ടീഷ് കോളനി ഭരണം അനുഭവിച്ച ഒരു ജനതയാണ് ഭാരതീയർ . ഇന്നും അത്തരം അധിനിവേശങ്ങൾ കാരണം ജീവിതം വഴിമുട്ടിയ രാജ്യങ്ങൾ,ജനങ്ങൾ ഉണ്ട്.. സ്പാനിഷ് അധിനിവേശത്തിന്റെ പിടിയിൽ നിന്നും മോചിതരായി മൊറോക്കൻ കാട്ടാളഭരണത്തിന്റെ പിടിയിലമർന്ന സഹാറ ജനജീവിതത്തിന്റെ പിടച്ചിലുകളുടെ കഥപറയുന്ന ഒരു നോവൽ ആണ് ജുനൈദ് അബൂബക്കറുടെ "സഹറാവീയം ".
മരുഭൂ ജീവിതത്തിന്റെ ചൂടുംവേവും ആവോളം അനുഭവിക്കും വായനക്കാർ . 2700 കിലോമീറ്ററോളം പരന്നു കിടക്കുന്ന ബേം മതിൽ രണ്ടായി വിഭജിക്കുകയാണ് ഒരു വംശത്തെ ആകമാനം.സഹറാവികളെ സ്വന്തം രാജ്യത്തു കടക്കാതിരിക്കാൻ തീർത്ത മതിൽ .ചുട്ടുപഴുത്ത മരുഭൂവിലേക്കു ആട്ടിപ്പായിച്ച് മനോവീര്യം കെടുത്തി ഒരു വംശത്തെ മുഴുവൻ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മൊറോക്കൻ ദുഷ്ടലാക്കിന്റെ ഇരകളായി പടിഞ്ഞാറൻ സഹാറയിൽ നിസ്സഹായരായി ഒരു കൂട്ടം ജനങ്ങൾ. അധിനിവേശത്തിന്റെയും, അതിന്റെ തുടരനുഭവങ്ങളായി പിറക്കുന്ന അഭയാർത്ഥിപെരുക്കങ്ങളെത്രയും വേണമെങ്കിൽ മാനവചരിത്രത്തിലുണ്ട്. വർത്തമാനകാലത്തിലും തുടരുന്നത്. സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയേണ്ടി വരുന്ന വിഭാഗങ്ങൾ അനേകമനേകം... സഹറാവികൾ അങ്ങിനെയുള്ളവർ. ഇസ്‌ലാം മതവിശ്വാസികളാണ് സഹറാവികൾ . അവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പ്രതിപാദിക്കുന്ന ഭാഗങ്ങൾ നോവലിലുണ്ട്. സമ്പത്തും മതവും കൂടിക്കുഴഞ്ഞതിൽ നിന്നുള്ള പള്ളിമണിമന്ദിരങ്ങളുടെ ആർഭാടതയിൽ നിന്നും പാവപ്പെട്ടവന്റെ അല്ലാഹുവിന്റെ രൂപം മണലാരണ്യത്തിന്റെ നിഗൂഢതയിൽ നിന്നും പുറത്ത് വന്ന് നിസ്സഹായരുടെ പ്രാർത്ഥനാ രൂപമാവുന്ന അപൂർവത ദൈവത്തിന്റെ മനുഷ്യസൃഷ്ടിയുടെ ചാരുത വ്യക്തമാക്കും. പ്രാർത്ഥിക്കാൻ മന്ദിരങ്ങൾ ആവശ്യമില്ല എന്ന സഹറാവിയൻ പക്വത ദുരിതപൂർണമായ ജീവിതത്തിനിടയിലും അവർ നേടിയെടുത്ത കരുത്തിന്റെ അടയാളങ്ങളാണ് ...
ജെസീക്ക എന്ന ജേർണലിസ്റ്റിന്റെ ഒരു സഞ്ചാരമാണ് ഈ നോവലിന്റെ ഉള്ളടക്കം. ഒരു സ്വകാര്യ ചാനലിന്റെ ജോലിയുമായി കഴിഞ്ഞിരുന്ന ജെസീക്കയുടെ അടുത്തേക്ക് എത്തുന്ന ആബിദിന്റെ ഫാക്റ്റ്സ് എന്ന പത്തു മിനിറ്റു ചിത്രം മാറ്റിമറിച്ച അവളുടെ ദിനങ്ങളാണ് പിന്നീടുടനീളം.
മഞ്ഞുകാലം സമ്മാനിച്ച ഡിപ്രഷനിൽ നിന്നും രക്ഷനേടാൻ ഒരു ചൂടൻ യാത്ര ഉദ്ദേശിച്ച ജെസീക്കയ്ക് ആബിദ് പടിഞ്ഞാറൻ സഹാറയിലേക്കുള്ള ഒരു യാത്ര നിർദേശിക്കുന്നു. ബേം മതിലിനു സമീപം കുഴിച്ചിട്ട ആയിരക്കണക്കിന് മൈനുകൾ . അതിൽ തട്ടി ശരീരം
നുറുങ്ങിയവരുടെ വിപ്ലവവീര്യവും,അസീം അലി എന്ന കവിയുടെ വിപ്ലവകവിതയും അവളെ സഹാറാവികളുടെ സഹനത്തിലേയ്ക്ക് ,കരുത്തിലേയ്ക്ക് അടുപ്പിക്കുകയാണ് .അവരെ കുറിച്ചൊരു ചിത്രം നിർമ്മിക്കുക എന്ന ഉദ്ദേശവും കൂടി ജെസീക്കയിലുണ്ടായി .ആദ്യമെത്തുന്നത് മൊറോക്കൻ അധിനിവേശ സഹാറയിൽ .യാത്രക്ക് കൂട്ട് അവൾ ഉസ്താത് എന്ന് വിളിക്കുന്ന ബ്രാഹിം മുസ്തഫ എന്ന ചിന്തകനും.ബസ്മ എന്ന മൊറോക്കൻ യുവതി കൂട്ടായി പിന്നെ സഞ്ചാരങ്ങൾ. ബസ്മയിൽ നിന്നും ,ഉസ്താതിൽ നിന്നും വേർപെട്ട് മൊറോക്കൻ ഉദ്യോഗസ്ഥരുടെയും ,കിരാതനിയമങ്ങളുടെയും പിടിയിൽ പെട്ട് ദുരിതപൂർണമായ അനുഭവങ്ങൾ . ആബിദിലൂടെ നടത്തുന്ന പലായനവും ,പടിഞ്ഞാറൻ സഹാറയിലെത്തലും ,അവരിൽ ഒരാളായി മാറലും എല്ലാം ഉദ്യോഗപൂർണമായ തുടർസംഭവങ്ങൾ ....
മലയാള നോവൽ ചരിത്രത്തിൽ ഒരു വംശീയ,രാഷ്ട്രീയ നോവൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ മഹത്വം മനസ്സിലാക്കി തരുന്നത് ,നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യാധിനിവേശത്തിന്റെയും,അഭയാർത്ഥി ഒഴുക്കിന്റെയും ചോരച്ചാലുകൾ നീന്തിക്കയറാൻ ജീവിതത്തെ മെരുക്കിയെടുക്കേണ്ടി വരുന്ന ഒരു പറ്റം മനുഷ്യക്കൂട്ടങ്ങളുടെ കഥ പറയുന്നത് .... സഹറാവീയം നിലൽപ്പിന്റെ നെല്ലിപ്പടിയിൽ നിന്ന് ഭൂതകാലത്തിന്റെ തള്ളേറ്റ് വർത്തമാനത്തിലുഴറി ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കുന്നവരുടെ ചരിതം. ...വർത്തമാനത്തിൽ അനുഭവിക്കാൻ ആവില്ലാത്ത സ്വാതന്ത്ര്യത്തെ ഭാവിയിലെ കുരുന്നുകളിലേക്കു പകർന്നു കൊടുക്കുന്ന , അവരെ സജ്ജരാക്കുന്ന സഹറാവികളുടെ കരളുറപ്പിൽ നിന്ന് ഒരു വായനക്കാരൻ എന്ന എനിക്ക് ഇറങ്ങിപ്പോരാൻ ആവുന്നില്ല എന്നതായിരുന്നു വായന കഴിഞ്ഞപ്പോൾ എന്റെ അനുഭവം ...
ഇത്തരത്തിലൊരു നോവൽ രചിക്കുമ്പോൾ നോവലിസ്റ്റിനുണ്ടാവേണ്ട ചരിത്രബോധം പ്രധാനപ്പെട്ട വിഷയമാണ് .എന്നാൽ ശ്രീ ജുനൈദിന്റെ ചരിത്രാവബോധം അതിശയിപ്പിക്കുന്ന തരത്തിലാണ് നോവലിലുടനീളം അനുഭവപ്പെടുന്നത് .സഹാറയുടെ മൊത്തം ചരിത്രം തന്നെയാണിത് . ചരിത്രത്തിന്റെ ഒരരികും വിടാതെ നോവലിൽ പ്രതിഫലിച്ചിരിക്കുന്നു .വലിയൊരു പഠനം തന്നെ ഇദ്ദേഹം നടത്തിയിട്ടുണ്ടാവും .സഹറാവികളുടെ പോരാട്ട ചരിത്രത്തിന്റെ സൂക്ഷിച്ചു വയ്ക്കാവുന്ന സാക്ഷ്യപത്രം ..
നോവൽ -- സഹനത്തിന്റെ സഹറാവീയം
നോവലിസ്റ്റ് -- ജുനൈദ് അബൂബക്കർ
ഡീ സി ബുക്ക്സ്
വില - 380 /-

വളരെ നന്ദി ഗിരീഷേട്ടാ <3
ReplyDelete