Friday, September 17, 2021

മായാമഞ്ചലിൽ ...

 


കലാകാരന്മാർ ഭാഗ്യം ചെയ്തവരാണ്.. അവരുടെ ഭൗതിക ശരീരം ഈ ലോകം വിട്ടുപോയാലും അവരിവിടെ അവശേഷിപ്പിച്ചു പോയ കലാ സൃഷ്ടികളാൽ എന്നെന്നും ഓർക്കപ്പെടും എന്ന സത്യം ...

എഴുത്തുകാരായാലും, പാട്ടുകാരായാലും മനസ്സുകളിൽ സംരക്ഷിക്കപ്പെടുന്നത് കൂടാതെ എന്നേക്കുമായതിന്റെ നിലനിൽപ്പിനായി ഇന്ന് പല സാങ്കേതിക വിദ്യകളുമുണ്ട്. 

ഗാനങ്ങൾക്കാണ് അതേറെ പ്രയോജനപ്പെട്ടത് . നഷ്ടപ്പെട്ടേക്കാവുന്ന  പഴയ ഗാനങ്ങൾ ശേഖരിച്ച്  സൂക്ഷിക്കാൻ ഇന്ന് ഇന്റർനെറ്റ് സംവിധാനങ്ങൾ ഉണ്ട്. പല ശേഖരങ്ങളായി അത് കാലങ്ങളെ അതിജീവിച്ചു കൊണ്ട് ഇവിടെ ഉണ്ടാവും... 


ശബ്ദങ്ങളുടെ മേളനങ്ങൾ ആണല്ലോ പാട്ട് . അതിൽ ഈണമധുരങ്ങൾ ചേർന്നലിയുമ്പോൾ മധുരിക്കുന്നത് മനസ്സും മോഹങ്ങളുമാണ്.  ഏതോ കാലത്തിന്റെ ഇടനാഴികകളിൽ നിന്നും ഒരീണമധുരം മൂളി ആരോ ! അവർ മണ്ണിനോട് ചേർന്നിട്ട് കാലങ്ങൾ കഴിഞ്ഞു. സുന്ദരമായ ആ ദേഹം  ഇന്നില്ല . എന്നിരുന്നാലും  ആ ശബ്ദത്തിന്റെ അലയൊലികൾ  ഇന്നും കണ്ണീറനാക്കിക്കൊണ്ടു ഇവിടെയൊക്കെ .... 


രാധികാതിലക് ....

ഒരപൂർവ ശബ്ദത്തിന്റെ ഉടമ. അവരോടു ചേർത്തുവെക്കാൻ പ്രമുഖ ഗായികമാരെ ഉണ്ടാവൂ.  മലയാളത്തിന്റെ ഗായിക ആയിട്ടും നമ്മൾ ഏറെ അവസരങ്ങൾ കൊടുക്കാതെ ഒതുക്കിക്കളഞ്ഞ ഒരുവൾ . പാട്ടിന്റെ അപാര സാധ്യതകൾ കഴിവായി തെളിയിക്കപ്പെടേണ്ടതായിരുന്നു.  ആരുടെയൊക്കെയോ കൈകൾ അണിയറയിൽ പ്രവർത്തിച്ചതിന്റെ ഫലമായി പിന്തള്ളപ്പെട്ടവൾ . പറയാതെ വയ്യ. 

അത്രക്കേറെ ശ്രുതിമധുരമായിരുന്നു  രാധികാ ശബ്ദം ...  അതേറെ അനുഭവങ്ങൾ സൃഷ്ടിക്കപ്പെടാൻ യോഗമുണ്ടായില്ല.  ഉണ്ടായതോ വളരെ കുറച്ചും. എങ്കിലും ആ ഗാനവീചികളിലൂടെ തൊട്ടുരുമ്മി പോകുമ്പോഴറിയാം അതിന്റെ മൃദുലത, സാരള്യം എല്ലാമെല്ലാം.. 


1989 മുതൽ മലയാളത്തിൽ പാടാനെത്തിയെങ്കിലും വെറും ഇരുപതിൽ  താഴെ വർഷങ്ങളെ സജീവമാവാൻ കഴിഞ്ഞുള്ളു. 

ആദ്യത്തെ രണ്ടു വർഷം  കഴിഞ്ഞപ്പോൾ തന്നെരാധികയുടെ മാസ്റ്റർ പീസ് പിറന്നു. 

" മായാമഞ്ചലിൽ ഇതുവഴിയെ 

പോകും തിങ്കളേ "    എന്ന ഒറ്റയാൾ പട്ടാളത്തിലെ ഗാനവുമായി ഇവിടെ തന്റെ വേരുറപ്പിക്കാനുള്ള ശ്രമം നടത്തി . ബന്ധുവായ ശ്രീ ജി വേണുഗോപാലുമൊത്ത് അത്രയേറെ മനോഹരമായ ഒരു ഗാനം. മറ്റൊരു ഭാഗ്യം ശ്രീ ശരത് സാറിന്റെ ഈണത്തിൽ  ഒരു നല്ല തുടക്കം കിട്ടിയതിലാണ്.  കവി പി കെ ഗോപിയുടെ രചനയുടെ സൗകുമാര്യം എടുത്തു പറയാവുന്നത്....


അതുകൊണ്ടും കാര്യമുണ്ടായില്ല.  ഈ പൂങ്കുയിലിനെ മലയാള സിനിമ എന്നിട്ടും ശ്രദ്ധിച്ചില്ല. 

"ചന്ദനം പെയ്തു പിന്നെയും "  എന്നൊരു ഗാനം മാത്രം . അത്രയേറെ ശ്രദ്ധ നേടാത്ത ഒന്നായിരുന്നു. ചെപ്പു കിലുക്കണ ചെങ്ങാതി എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ രചന , ജോൺസന്റെ സംഗീതം....!!!


1991 ലെ ഈ ഗാനങ്ങൾക്ക് ശേഷം മലയാള സിനിമ മറന്നിട്ടോ ? സ്വയമൊതുങ്ങിയതോ ?  സാധാരണ പാട്ടിഷ്ടക്കാർക്ക് എന്തറിയാൻ !!

പിന്നീട് തമിഴിൽ നിന്നും ഇളയരാജ വരേണ്ടി വന്നു  വീണ്ടും ആ ശബ്ദമൊന്നുയരുവാൻ . ഗുരു എന്ന ഒരു സവിശേഷ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത പാട്ടുകളിൽ എല്ലാം രാധികയുടെ ശബ്ദവും ചേർത്തു കൊടുത്തു . അതാരും ചെയ്യാത്ത ഒന്നായിരുന്നു. 

മറ്റു ഗായകരോടൊപ്പം ആണെങ്കിലും അതിലും രാധികയുടെ ശബ്ദം വേറിട്ട് കേൾക്കാം.

അരുണകിരണ ദീപം ....

ഗുരു ചരണം ശരണം... എന്നീ ഗാനങ്ങൾ ...

എന്നാൽ അതിലെ തന്നെ "ദേവസംഗീതം നീയല്ലേ ... "  എന്ന യുഗ്മഗാനം അവർക്ക് വീണ്ടുമൊരു ബ്രേക്ക് കൊടുത്തു .  അന്ധരായ രണ്ടു കാമുകരുടെ പ്രണയ പരാവശ്യങ്ങൾ പാട്ടിലൂടെ രാധികയും യേശുദാസും ഭംഗിയാക്കി....


കന്മദത്തിലെ ടൈറ്റിൽ സോങ് പാടി വീണ്ടും രാധികാ തിലക്. സിനിമയ്ക്ക് പേരെഴുതികാണിക്കുന്ന സമയത്തെ പാട്ട്  പലപ്പോഴും ശ്രദ്ധിക്കപ്പടാറില്ല. എന്നാൽ " തിരുവാതിര തിരനോക്കിയ മിഴിവാർന്നൊരു ഗ്രാമം " എന്ന ഗാനം പക്ഷെ അങ്ങനെയായിരുന്നില്ല. ഗാനമേളകൾക്കു വരെ അക്കാലത്ത് പാടിയിരുന്ന നല്ലൊരു യുഗ്മ ഗാനം . " മൂവന്തി താഴ് വരയിൽ" , മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ " എന്നീ ഗാനങ്ങളൊക്കെ  മുൻപന്തിയിൽ ഉണ്ടെങ്കിലും ഒട്ടും പുറകിലല്ലാതെ " തിരുവാതിര....യും " സ്ഥാനം പിടിച്ചു. കൂടാതെ " മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ " എന്നത്  രാധികയുടെ ശബ്ദത്തിലും സിഡിയിൽ കേൾക്കാം., സിനിമയിൽ ഇല്ലെങ്കിലും...


മറ്റൊരു തിരുവാതിര പാട്ടുമായി വീണ്ടും രാധിക...

സ്നേഹം എന്ന ജയരാജ് ചിത്രത്തിൽ " കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷി " ... അത് ചിത്രത്തിൽ നല്ലൊരനുഭവമായിരുന്നു. ദൃശ്യത്തിലും, കേൾവിയിലും....


അതി മധുരമായി പ്രണയഗാനത്തിലും തന്റെ ഭാഗം പാടിവെക്കാൻ ആവുമായിരുന്നു രാധികയ്ക്ക് . പ്രണയനിലാവിലെ " പാൽകുടങ്ങൾ തുളുമ്പും " എന്ന ഗാനം ഉദാഹരണം. യേശുദാസുമൊത്ത് കട്ടയ്ക്ക് തന്നെയുണ്ട്  ഗായികയും...


യൂസഫലി കേച്ചേരിയുടെ രചനകൾ ചിലവയിൽ പങ്കുകൊള്ളാൻ കഴിഞ്ഞുവെന്നത് രാധികയ്ക്ക് നിർവൃതി തന്നെയായിരിക്കും...

ദീപസ്തംഭം മഹാശ്ചര്യം ..

" എന്റെ ഉള്ളുടുക്കും കൊട്ടി"

"നിന്റെ കണ്ണിൽ വിരുന്നു വന്നു "  ഇവയൊക്കെ ഓളങ്ങൾ സൃഷ്‌ടിച്ച ഗാനങ്ങൾ ആയിരുന്നു.  മോഹൻ സിതാരയുടെ ലളിതസംഗീതം അതിനേറെ ഉപകരിച്ചു. 


ഇനി അടിപൊളി വേണോ അതിനും തെയ്യാർ...

" തകില് പുകില്" മായി രാവണപ്രഭുവിൽ ഒന്ന് വന്നു പോയി പ്രിയ ഗായിക . 


കുഞ്ഞിക്കൂനനിലേ അന്ധഗായികയ്ക്കു ചുണ്ടു ചേർത്തു രാധിക പിന്നെയും . നവ്യാനായർ ധന്യമാക്കിയ ചിത്രം. 

" ഓമനമലരെ നിൻ മാരൻ "  എന്ന നാട്ടുവഴിയിൽ ചിതറി വീണ ഗദ്ഗദം പുരണ്ടതല്ലെങ്കിലും മനസ്സിൽ നീറ്റൽ പരത്തിയ ഗാനം,.


ഇടയ്ക്കിടെ തന്റെ സാന്നിധ്യം അറിയിച്ചു പോയ ഇവർക്ക് അവസരങ്ങൾ അപ്പോഴേക്കും വല്ലാതെ കുറഞ്ഞിരുന്നു. 

നന്ദനത്തിലെ യുഗ്മഗാനം ഒരോർമ്മയായുണ്ട് മനസ്സിൽ...

" മനസ്സിൽ മിഥുനമഴ " പൊഴിച്ച് കൊണ്ട്  രവീന്ദ്രൻ സംഗീതത്തിൽ ...


അവസാന കാലത്ത് ചില ഗിരീഷ് പുത്തഞ്ചേരി വരികളോടൊപ്പം വന്നുപോവാൻ അവസരം ലഭിച്ചിരുന്നു. കന്മദത്തിലൂടെ, നന്ദനത്തിലൂടെ  അത് പാട്ടാളത്തിലെ ഗാനത്തിൽ എത്തി...

" വെണ്ണക്കല്ലിൽ നിന്നെ കൊത്തി " എന്നെ വിദ്യാസാഗർ ഈണം..

" കാനനകുയിലേ കാതിലിടാനൊരു കാൽപവൻ പൊന്നു തരാമോ ?"   എന്ന ഗിരീഷ് ഗാനത്തോടെ നല്ലൊരു പാട്ടുകാലം അവസാനിച്ചു എന്ന് പറയാം...  പിന്നീടും ഒറ്റക്കും തെറ്റെക്കും   പാട്ടുകൾ ഉണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല ....


 2015 ൽ പൂർത്തികരിക്കാതെ തന്റെ പാട്ടു മോഹങ്ങളോടെ ആ ജീവിതം സമാധിയായി .... കണ്ണീർപൂക്കൾ അർപ്പിക്കുന്നു പ്രിയഗായികയ്ക്ക് ...

No comments:

Post a Comment