Monday, February 1, 2021

ഓർമ്മകളിലെ ഒരു സന്ധ്യ..

 


ധ്വനി എന്ന ചിത്രത്തിലെ ഗാനങ്ങൾ കേൾക്കുമ്പോൾ ഞാൻ ഒരു ഇരുപത്തൊന്നുകാരനാവും .. അറയ്ക്കൽ പൂരം നടക്കുന്ന ഭഗവതിക്ഷേത്രത്തിന്റെ തൊട്ടുള്ള കടപ്പുറം പഞ്ചാരമണലിൽ ഒരു പൂർണ്ണചന്ദ്രോദയരാത്രിയുടെ തഴുകലിൽ കിടക്കുകയാവും ഞാൻ . പൂരത്തിന്റെ കൊട്ടും ചെറിയ തിരത്തള്ളലുകളുടെ ചിലമ്പലും ....

കടപ്പുറത്ത് അവിടവിടെ ആൾക്കാർ നടക്കുന്നു .. ചിലർ മണലിൽ കിടക്കുന്നു .


ഒഞ്ചിയം പഞ്ചായത്തിലെ വെള്ളികുളങ്ങര ഗ്രാമത്തിലെ ഒരു സോപ്പു കമ്പനിയിൽ ജോലി .ജോലി കഴിഞ്ഞാൽ റൂം .വായന .ഇത്രമാത്രം .ഇടയ്ക്കിടെ വടകര പോയി സിനിമ കാണലും .വെള്ളികുളങ്ങര ശ്രീജയ ടാക്കീസിലും ഇടയ്ക്ക് പോവും .അതൊക്കെ ഇന്നുണ്ടാവുമോ ആവോ ! ചില ദിവസങ്ങളിൽ കുറെ നടക്കും .ഒഞ്ചിയം കണ്ണൂക്കര വഴി ചോമ്പാൽ കടപ്പുറം വരെയൊക്കെ അങ്ങിനെ നടക്കും .ആ കടപ്പുറത്ത് വെച്ചായിരുന്നു റഹീം എന്നയാളെ പരിചയപ്പെട്ടതും .കടലിൽ പോയി വന്നതേ ഉള്ളു .അഞ്ച് പെൺകുട്ടികൾ ഉണ്ട് എന്ന് പറഞ്ഞു ..

ഓല്യൊക്കെ പോറ്റണ്ടേ മോനെ എന്നും പറഞ്ഞ് നെടുവീർപ്പിട്ട് കാറ്റിലുലയുന്ന ശരീരവുമായി നടന്നകന്ന അയാളുടെ രൂപം ഇന്നും മനസ്സിലുണ്ട് .എവിടെ ചെണ്ടക്കൊട്ട് കേട്ടാലും തേടി ചെല്ലും .തെയ്യക്കാലങ്ങളായാൽ വിശേഷായി .. ഒഞ്ചിയത്തെ തിറ കാണാൻ പോയതും ,ഒതേനനെ കുടിയിരുത്തിയ സ്ഥലം കാണാൻ പോയതും ,ലോകനാർകാവിൽ മയങ്ങി നിന്നതും ഓർമ്മകളിലെ വടകര മുഹൂർത്തങ്ങൾ .


ധ്വനിയിൽ തുടങ്ങി എവിടെയൊ പോയി .

കടപ്പുറത്തങ്ങനെ ഒറ്റയ്ക്ക് മലർന്ന് കിടക്കുമ്പോഴാണ് ആ ഗാനം പതുക്കനെ കേട്ടത് .

അനുരാഗലോല രാത്രി

വരവായി നീല രാത്രി .

നോക്കുമ്പോൾ നാലഞ്ച് പേർ അടങ്ങിയ ഒരു സുഹൃദ് സംഘം അരികെ മണലിൽ കിടക്കുന്നു .ഒരുവന്റെ മടിയിൽ തല വെച്ച് അയാൾ പാടുകയാണ് .ഇരുപത് വയസ്സോളം മാത്രം പ്രായമുള്ള കൂട്ടുകാർ .എന്തൊരു ലയമായിരുന്നു ആ ശബ്ദത്തിന് .ഞാൻ ചെവിയോർത്തു കിടന്നു .


മാനസനിളയിൽ

രതിസുഖസാരമായി

ഒരു രാഗമാല കോർത്തു

ജാനകീ ജാനേ

ആൺകുയിലേ ....


എന്നീ ഗാനങ്ങൾ പാടിയ ആ അജ്ഞാത ഗായകൻ ആരാണാവൊ ? എന്നെ ഹർഷപുളകിതനാക്കിയവൻ? സുഹൃദ് ബന്ധത്തിന്റെ ആസ്വർഗ്ഗീയ രംഗങ്ങൾ കണ്ട  ആ ഭാഗ്യ നിമിഷങ്ങൾ മറക്കുവതെങ്ങിനെ ഞാൻ !!!

No comments:

Post a Comment