സാഹിത്യരംഗത്തും, മറ്റു കലാരംഗത്തും ഓരോ കാലത്തും പല പ്രസ്ഥാനങ്ങൾ ഉടലെടുത്തിട്ടുണ്ട്. അത് പ്രതിനിധാനം ചെയ്യുന്ന കലയെ പുഷ്ടിപ്പെടുത്തുന്ന കരുത്തുറ്റ സർഗസൃഷ്ടിയാവുമ്പോൾ അത്തരം പ്രസ്ഥാനങ്ങൾ തന്നെ ഉയർന്നു വരും. ഭക്തികാവ്യങ്ങളുടെ പുളപ്പിൽ ഭക്തിപ്രസ്ഥാനത്തിന്റെ കാലം. തുള്ളൽ കാവ്യത്തിന്റെ , കലയുടെ പ്രസരിപ്പിൽ തുള്ളൽ പ്രസ്ഥാനം . ലാസ്യരസപ്രധാനമായ മാധുര്യത്തിൽ വാക്കുകൾ അമ്മാനമാടിയപ്പോൾ മണിപ്രവാള പ്രസ്ഥാനം. അങ്ങിനെ അങ്ങിനെ ഓരോ കാലങ്ങളിലും ഉയർന്നുവന്ന മഹാപ്രസ്ഥാനങ്ങൾ ...
എൺപതുകളിലെ വസന്തം എന്നൊക്കെ നമ്മൾ വാഴ്ത്താറുണ്ട്. യൗവനത്തിന്റെ സുവർണ്ണകാലം . പ്രവർത്തന മണ്ഡലങ്ങൾ സജീവത നിലനിർത്തിയ കാലങ്ങൾ. വായനയുടെ മറ്റൊരു കുതിച്ചുചാട്ടം നടന്ന കാലവുമായിരുന്നു . എഴുപതുകളിൽ തുടങ്ങി എൺപതുകളിൽ വീര്യമേറിയതുമായിത്തീർന്നതുമായ പൈങ്കിളി പ്രസ്ഥാനം അഥവാ ജനപ്രിയ സാഹിത്യം . അതിന്റെ ഉപജ്ഞാതാവ് ശ്രീ മുട്ടത്തു വർക്കിയാണെങ്കിലും അതെ സ്പിരിറ്റിൽ കൂടെ ഉണ്ടായിരുന്നു ഒരെഴുത്തുകാരനായിരുന്നു ശ്രീ കാനം ഇ ജെ (ഇലവുങ്കൽ ജോസഫ് ഫിലിപ്പ് ) . നോവൽ, ചെറുകഥ , സിനിമ എന്നിവയിലൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. നിരവധി നോവലുകൾ അതും ആഴ്ചപ്പതിപ്പുകളിൽ തുടരൻ ആയി വന്നുകൊണ്ടിരുന്നത്. ഇരുപത്തഞ്ചോളം നോവലുകൾ സിനിമയുമായി. ഭാര്യ എന്ന നോവൽ സിനിമയാക്കിയപ്പോൾ മികച്ച കുറെ പാട്ടുകളും നമുക്ക് ലഭിച്ചു. സിനിമയാക്കിയ ചിലതിലൊക്കെ അദ്ദേഹം തന്നെ ഗാനങ്ങളും എഴുതിതുടങ്ങിയപ്പോൾ നമുക്ക് കിട്ടിയത് മറ്റൊരു പ്രതിഭയെ ആയിരുന്നു. അദ്ദേഹത്തിന്റെ നോവലിനേക്കാൾ അഞ്ചോളം സിനിമകൾക്ക് എഴുതേണ്ടി വന്ന പാട്ടുകൾ മികച്ചതായി അനുഭവപ്പെടുന്നുണ്ട്.
യാമിനി, ഹർഷബാഷ്പം, അഷ്ടമംഗല്യം ,അവൾ വിശ്വസ്തയായിരുന്നു , മനസ്സൊരു മഹാസമുദ്രം ഇവയായിരുന്നു കാനം ഗാനമെഴുതിയ ചിത്രങ്ങൾ ...
ഇദ്ദേഹം എഴുതിയ എല്ലാ ഗാനങ്ങളും സംഗീതം ചെയ്തത് ശ്രീ എം കെ അർജുനൻ മാസ്റ്റർ ആയിരുന്നു എന്നതും ഒരപൂർവത !
അഞ്ചു ചലച്ചിത്രങ്ങളിലായി ഇരുപത്തൊന്നോളം ഗാനങ്ങൾ മാത്രം. അന്നത്തെ പാട്ടെഴുത്തുകാരടൊപ്പം നിശ്ചയമായും ചേർത്തു വെച്ച് പറയാവുന്ന നല്ല പാട്ടുകൾ തന്നെയായിരുന്നു എല്ലാ ചിത്രത്തിലെയും. മനസ്സിൽ തങ്ങി നിൽക്കുന്ന മനോഹര ഗാനങ്ങൾ . നമ്മളോർത്തു വെച്ചേക്കാവുന്ന പത്തു ഗാനങ്ങളിൽ ഒരു പാട്ടെങ്കിലും ഇദ്ദേഹം എഴുതിയത് കാണും. സംഗീതത്തിന്റെ മികവ് ഒരു കാരണം എങ്കിലും നോവലുകളിലെ പൈങ്കിളിത്തം എന്തായാലും പാട്ടുകളിൽ കാണാനാവില്ല. ലളിതമായ വരികൾ ആണ് ചലച്ചിത്രഗാനങ്ങളുടെ പ്രത്യേകത. അത് വെച്ച് വിമർശനം ഉയർന്നാൽ മലയാള സിനിമയിലെ എല്ലാ ഗാനങ്ങളൂം വിമർശിക്കേണ്ടി വന്നേക്കും!!
1973 ൽ യാമിനി എന്ന ചിത്രത്തിന് വേണ്ടി അഞ്ചോളം ഗാനങ്ങൾ . എടുത്തുപറയാവുന്ന മൂന്നോളം ഗാനങ്ങൾ തീർച്ചയായും ഉണ്ട്. അന്നും ഇന്നും നമ്മൾ മൂളി നടക്കുന്ന , മനസ്സിൽ ഏതോ നൊമ്പരം തീർക്കുന്ന ഒരു ഗാനം ഉണ്ട്...
"സ്വയംവര കന്യകേ ... സ്വപ്നഗായികേ ... " എന്നത് .
അർജുനൻ സംഗീതത്തിന്റെ മെലഡിസ്പർശം അത്യഗാധതയിൽ നിന്നും ഉയർന്നു വരുന്നത്. നിൻ രാഗതന്ത്രികൾ പാടാത്ത ഗന്ധർവഗാനങ്ങളുണ്ടോ ? നിൻ മോഹഗംഗയിൽ പൊങ്ങാത്ത സ്വർണമരാളങ്ങളുണ്ടോ ? എന്നൊക്കെയുള്ള കാമുക ഭാവന തീവ്രം തന്നെ.!
അതിലെ തന്നെ
സുശീലയുടെ എക്കാലത്തെയും ഹിറ്റ് ഗാനം ...
" പുഞ്ചിരിപ്പൂവുമായ പഞ്ചമിചന്ദ്രിക ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി "
അന്നത്തെ പ്രത്യേക പദപ്രയോഗങ്ങൾ നിറഞ്ഞ വരികൾ ആയിരുന്നു അദ്ദേഹത്തിന്റെത്. മഞ്ജീരം, മരാളം,മഞ്ജുഷ ,നികുഞ്ചം ,മൃണാളം എന്നീ വാക്കുകൾ അന്നത്തെ മിക്ക ഗാനരചയിതാക്കളും പ്രയോഗിക്കുന്നത്... ഇന്നത്തെ പാട്ടെഴുത്തുകാർ ഒഴിവാക്കിയ പ്രയോഗങ്ങൾ...
നിശയെ വർണ്ണിക്കുന്ന കവി . വൈകാരികമായി മനസ്സിലും ശരീരത്തിലും ചലനങ്ങൾ സൃഷ്ടിക്കുന്ന പഞ്ചമിചന്ദ്രികയുടെ വരവിനെ പ്രകീർത്തിക്കുന്ന ഗാനം.
രത്നരാഗമുണർന്ന നിൻ കവിളിൽ ... എന്ന ഗാനവും അന്നത്തെ കാലത്തെ ഓർമ്മിപ്പിക്കുന്നു.
1977 ൽ അഷ്ടമംഗല്യത്തിലും കാനം ഗാനങ്ങൾ തന്നെ..
സഹ്യഗിരിയുടെ മലർമടിയിൽ സരസ്വതി ക്ഷേത്രത്തിൻ 'തിരുനടയിൽ ... ഒരു യുഗ്മഗാനം . ജയചന്ദ്രൻ , വാണിജയറാം ...
വിവാഹനിശ്ചയം കഴിഞ്ഞ ഒരുവളെ വർണ്ണിക്കുന്ന കവി. കൃഷ്ണമൃഗത്തരുണി എന്നാണു കവി അവളെ വിശേഷിപ്പിച്ചത് ഒരുവരിയിൽ ...
ഉഷസിൽ നീയൊരു തുഷാരബിന്ദു
മനസ്സിൽ നീയൊരു വികാരസിന്ധു ...
എന്നാണു മറ്റൊരു പാട്ടിൽ അവളെ പ്രകീർത്തിക്കുന്നത്....
അഷ്ടമംഗല്യത്തിലെ ഒരു ഗാനം പ്രസിദ്ധ ഗായകൻ ശ്രീ ബ്രഹ്മാനന്ദന്റെ പാട്ടുവഴികളിൽ ഒരു നാഴികക്കല്ലായിരുന്നു.
ഇന്ദുകമലം ചൂടി
സിന്ധുഭൈരവി പാടി ...
പ്രാണസഖീ നീയൊരുക്കിയ
പ്രേമഹാരം വാടി ....
തീവ്രമായ ഒരു വിരഹഗാനം ആണ് കാനം നമുക്കായി ഒരുക്കിയത്. അർജുനൻ - ബ്രഹ്മാനന്ദൻ കൂട്ടുകെട്ട് അത് അതിതീവ്രമാക്കുകയും ചെയ്തു ..
1977 ൽ തന്നെ ഹർഷബാഷ്പം പിറന്നു.
നിലാവിനെ വർണ്ണിക്കാൻ ഇവർക്കൊക്കെ ഇത്രയേറെ വാക്കുകൾ ! അതിശയപ്പെട്ടുപോവും .. വെണ്ണിലാവിന്റെ ഭംഗി ഇങ്ങനെയും ...
"വെള്ളപ്പുടവയുടുത്ത്
വെള്ളിവിളക്കുമെടുത്ത്
വേളിപ്പന്തലിൽ നാണിച്ചെത്തും
വെളുത്തവാവേ ..."
അന്നത്തെ പുതുഗായികയായിരുന്ന ജൻസിയ്ക്കും കിട്ടി നല്ലൊരു സോളോ .
"ഏകാദശിദിനമുണർന്നു
ദ്വാദശി ചേർന്നു " എന്ന ഗാനം ജൻസിയുടെ സംഭാവന ആയിരുന്നു. വാണീ ജയറാമിന്റെ ശബ്ദം എന്ന് നിനച്ച നാളുകൾ ഉണ്ടായിരുന്നു...
1978 ൽ പെണ്മനസ്സുകളെ കരയിപ്പിച്ച തുടരൻ നോവലായിരുന്നു അവൾ വിശ്വസ്തയായിരുന്നു. അത് അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ചലനം സൃഷ്ടിച്ചത്...
മനോഹരമായ മൂന്നു ഗാനങ്ങൾ അതിലുണ്ട്.
അമ്പിളി എന്ന ഗായികയ്ക്ക് ഒരു ബ്രേക്ക് കിട്ടിയ ഗാനം.
"പണ്ട് പണ്ടൊരു കുറുക്കൻ
കണ്ടാൽ തോന്നും കുറുക്കൻ " ചെറിയൊരു ഹാസ്യം കലർത്തിയത് .
എഴുപതിന്റെ അവസാനം ഈയൊരു ഗാനവും സൂപ്പർഹിറ്റായി ." തിരയും തീരവും ചുംബിച്ചുറങ്ങി " യേശുദാസിന്റെയും , വാണീജയറാമിന്റെയും ശബ്ദത്തിൽ . വ്യത്യസ്തമായ മാനസികചുറ്റുപാടുകളിൽ മാറിവരുന്ന ഒരു ഗാനമായിരുന്നു അത്.
"ചക്രവാളം ചാമരം വീശും
ചക്രവർത്തിനീ രാത്രി ..."
കവിത പോലെ ഒരു ഗാനം. മനസ്സിന്റെ ഉള്ളിൽ തറച്ചു കയറുന്ന സംഗീതം. എത്രയെത്ര ഏകാന്തതകളെ മഥിച്ച ഗാനം!!
വീണ്ടും 1983 ൽ മനസ്സൊരു മഹാസമുദ്രം എന്ന ചിത്രത്തിലെ ഗാനവുമായി കാനം വന്നു. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
സുരവല്ലി വിടരും
സുന്ദരരാവിൽ ' അർജുനൻ സംഗീതത്തിൽ മികച്ചു നിൽക്കുന്നു .
"മനസ്സൊരു സമുദ്രം
മഹാസമുദ്രം " എന്ന ഗാനവും മേന്മയുള്ളതായിരുന്നു.
1987 ൽ അറുപത്തൊന്നാമത്തെ വയസ്സിൽ മരണമടഞ്ഞ ഈ എഴുത്തുകാരനെ മലയാള സിനിമ എത്രത്തോളം ഓർക്കുന്നുവോ!!
ഒരു പ്രത്യേക രീതിയിൽ മാറ്റി നിർത്തപ്പെടുന്ന കലാകാരനെ പിന്നീട് അവർ ഏതു മേഖലയിൽ തിളങ്ങിയാലും പഴയ രീതിയിൽ തന്നെ അവരെ വീക്ഷിക്കുന്ന മനോഭാവം ഉണ്ട് നമുക്ക് . എന്നാൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ അന്നത്തെ മുൻനിര പാട്ടെഴുത്തുകാരടൊപ്പം നിശ്ചയമായും ചേർത്തുവെക്കാവുന്നതു തന്നെ എന്ന് കൂടി പറഞ്ഞു വെക്കട്ടെ...
No comments:
Post a Comment